തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം . 30 സീറ്റുകളിൽ 17 എണ്ണം ഇടതു മുന്നണി സ്വന്തമാക്കുകയും, യുഡിഎഫ് 12 സീറ്റ് നേടുകയും ചെയ്തു. എസ്ഡിപിഐ ഒരു വാർഡിൽ വിജയിച്ചു.
തിരുവനന്തപുരം ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, കോട്ടയം രാമപുരം പഞ്ചായത്തിന്റെ ഭരണം യുഡിഎഫ് നേടി. റാമപുരം ഏഴാം വാർഡിൽ യുഡിഎഫിന്റെ രജിത ടി.ആർ 235 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എൽഡിഎഫിന്റെ ആറ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കരുകുളം കൊച്ചുപള്ളി, പത്തനംതിട്ട അയിരൂർ, എറണാകുളം അശമന്നൂർ മേതല തെക്ക്, പായിപ്ര, കോഴിക്കോട് പുറമേരി കുഞ്ഞല്ലൂർ, മലപ്പുറം തിരുവാനായ എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്.
അതേസമയം, തിരുവനന്തപുരം പൂവച്ചാൽ പുളിക്കോട്, എറണാകുളം പൈങ്ങോട്ടൂർ പനങ്കര വാർഡുകൾ എൽഡിഎഫ് തിരികെ പിടിച്ചു. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ വാർഡ് കോണ്‍ഗ്രസിന്റെ കൈയില്‍നിന്ന് എസ്ഡിപിഐ പിടിച്ചെടുത്തു. മലപ്പുറം കരുളായി പഞ്ചായത്ത് ചക്കിട്ടമല, ആലപ്പുഴ മുട്ടാർ മിത്രക്കരി, മൂവാറ്റുപുഴ നഗരസഭ 13-ാം വാർഡ് എന്നീ വാർഡുകൾ യുഡിഎഫ് നിലനിർത്തി. പായിപ്ര പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും സീറ്റ് നിലയിൽ ഒപ്പത്തിനൊപ്പമാണ്.
കാസർകോട് മടിക്കൈ ഗ്രാമപഞ്ചായത്ത് കോളിക്കുന്ന്, കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച 28 വാർഡുകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്, ആകെ 87 സ്ഥാനാർത്ഥികൾ ജനവിധി തേടിയിരുന്നു.





