Kerala News

‘സുരക്ഷിതം 3.0’ അന്താരാഷ്ട്ര കോൺക്ലേവ് എറണാകുളത്ത്; മന്ത്രി വി ശിവൻകുട്ടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10, 11 തീയതികളിൽ എറണാകുളം കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ‘സുരക്ഷിതം 3.0’ അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 11ന് രാവിലെ 9:30ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും.

കേരളത്തിലെ ഫാക്ടറി തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും തൊഴിൽ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും, സർക്കാരിന്റെ വിഷൻ 2031-ന്റെ ഭാഗമായി 2031-ഓടെ സംസ്ഥാനത്ത് വ്യവസായശാലകളിലെ തൊഴിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും പൂർണമായും ഇല്ലാതാക്കുന്നതിനുമാണ് സുരക്ഷിതം 3.0 ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്കുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ലക്ഷ്യമിടുന്നത്. തൊഴിൽ ആരോഗ്യ, തൊഴിൽ സുരക്ഷിതത്വ മേഖലയിലെ ജർമ്മനി, സ്വീറ്റ്‌സർലൻഡ്, നോർവേ, ഡെൻമാർക്ക്, ഫ്രാൻസ്, ആസ്‌ട്രേലിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം അന്താരാഷ്ട്ര ഫാക്കൽറ്റികളും, ഐഐടി റൂർക്കി, ഖരക്പൂർ ഉൾപ്പടെയുള്ള പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ഫാക്കൽറ്റികളും കോൺക്ലേവിൽ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. വിവിധ ഫാക്ടറികളിൽ നിന്നുള്ള തൊഴിലാളി പ്രതിനിധികളും, മാനേജ്മെന്റ് പ്രതിനിധികളും, ഉദ്യോഗസ്ഥരുമുൾപ്പെടെ എണ്ണൂറോളം പേർ പങ്കെടുക്കും.

ഫാക്ടറികളിൽ നിന്നും അപകടകരമായ വിഷവാതക ചോർച്ച ഉണ്ടാവുകയാണെങ്കിൽ പ്രദേശവാസികളെ മുൻകൂട്ടി അറിയിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ സംവിധാനമായ റോസേഴ്‌സ് (റിമോട്ട് സെൻസിംഗ് എനേബിൾഡ് കെമിക്കൽ എമർജൻസി റെസ്‌പോൺസ് സിസ്റ്റം) ഗവേഷണ പദ്ധതിയും കോൺക്ലേവിൽ ഉദ്ഘാടനം ചെയ്യും.

ജർമൻ സോഷ്യൽ ആക്‌സിഡന്റ് ഇൻഷുറൻസ് ഏജൻസിയായ DGUV ജർമനി, ഇൻഡോ ജർമൻ കോ-ഓപറേഷൻ ഫോർ സേഫ്റ്റി ഹെൽത്ത് ആൻഡ് വെൽ ബീയിംഗ്, നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ) എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് ‘സുരക്ഷിതം 3.0’ അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *