
യുഎഇക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദാബിയിൽ യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇക്ക് മേൽ ഇറാൻ നടത്തിയ ആക്രമണത്തിനെതിരായി പ്രതികരിച്ചത്.
യുഎഇയെ ലക്ഷ്യമിട്ടുള്ള ആക്രമണം യാതൊരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന് മോദി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ യുഎഇ നേതൃത്വം ചെയ്ത സംയമനവും ധൈര്യവും പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിൻ്റെ ഐക്യവും സുരക്ഷയും ഭൗമപരമായ അഖണ്ഡതയും സംരക്ഷിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രതിസന്ധിക്കിടെ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിചരിച്ചതിന് യുഎഇ സർക്കാരിനും രാജകുടുംബത്തിനും മോദി നന്ദി അറിയിച്ചു.

യുഎഇ സന്ദർശനം ഫലപ്രദമായിരുന്നുവെന്നും ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന നിലപാട് വീണ്ടും ആവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.




