Agriculture Farming India Kerala News Politics

റാബി കാമ്പയിൻ 2026: ദേശീയ കാർഷിക സമ്മേളനം സെപ്റ്റംബർ 28ന് ഡൽഹിയിൽ

ന്യൂഡൽഹി: റാബി കാമ്പയിൻ 2026ന്റെ ഭാഗമായി കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ കാർഷിക സമ്മേളനം സെപ്റ്റംബർ 28, 29 തീയതികളിൽ ന്യൂഡൽഹിയിലെ പൂസയിലെ ഭാരത് രത്ന സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ നടക്കും.

കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൃഷിമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ഐസിഎആർ പ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കും.

റാബി സീസണിൽ കാർഷിക ഉൽപാദനം, ഉൽപാദനക്ഷമത, സുസ്ഥിരത, കർഷകരുടെ വരുമാനം എന്നിവ വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന ഏകോപനവും സംയോജിത പ്രവർത്തന തന്ത്രങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.

പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഹോർട്ടികൾച്ചർ, പ്രകൃതികൃഷി, മണ്ണിന്റെ ആരോഗ്യം, കാർഷിക യന്ത്രവൽക്കരണം, ഡിജിറ്റൽ കൃഷി, വിള ഇൻഷുറൻസ്, വിപണന പരിഷ്കാരങ്ങൾ, കർഷക ധനസഹായം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

റാബി കാലാവസ്ഥാ പ്രവചനം, വളങ്ങളുടെ ലഭ്യതയും സന്തുലിത ഉപയോഗവും, ഫാർമർ രജിസ്ട്രി, ഡിജിറ്റൽ ക്രോപ്പ് സർവേ, അഗ്രിസ്റ്റാക്ക്, വിത്തുകളുടെ സ്ഥിതി, കാർഷിക പദ്ധതികൾ എന്നിവ രണ്ടാം ദിവസം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *