ന്യൂഡൽഹി: നിർമിതബുദ്ധിയുടെ (എഐ) വളർച്ച ലിംഗവിവേചനം കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. എഐ അധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ രൂപപ്പെടുന്ന അവസരങ്ങളിലും ആനുകൂല്യങ്ങളിലും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളിലും സ്ത്രീകൾ പിന്തള്ളപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ലിംഗസമത്വം കൈവരിക്കുന്നതിൽ ഇന്ത്യ ഇപ്പോഴും പിന്നിലാണെന്ന സാഹചര്യത്തിലാണ് പുതിയ ആശങ്കകൾ ഉയരുന്നത്. വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു.ഇ.എഫ്) അടുത്തിടെ പുറത്തിറക്കിയ 2026-ലെ ആഗോള ലിംഗവ്യത്യാസ സൂചികയിൽ ഇന്ത്യ 131-ാം സ്ഥാനത്താണ്. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നിവയെക്കാൾ പിന്നിലാണ് ഇന്ത്യ. പാകിസ്ഥാനെ മാത്രമാണ് ഇന്ത്യ മറികടന്നത്.
നിലവിലെ പുരോഗതിയുടെ വേഗം തുടർന്നാൽ ആഗോളതലത്തിൽ പൂർണ ലിംഗസമത്വം കൈവരിക്കാൻ 120 വർഷം കൂടി വേണ്ടിവരുമെന്നാണ് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വിലയിരുത്തൽ. ദക്ഷിണേഷ്യയിൽ ഇതിന് ഏകദേശം 149 വർഷം വേണ്ടിവരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയ്ക്കായി പ്രത്യേക കാലയളവ് റിപ്പോർട്ടിൽ കണക്കാക്കിയിട്ടില്ലെങ്കിലും രാജ്യത്തിന്റെ നിലവിലെ പ്രകടനം പരിഗണിക്കുമ്പോൾ ലിംഗസമത്വം കൈവരിക്കാൻ 149 മുതൽ 150 വർഷം വരെ വേണ്ടിവന്നേക്കാമെന്നാണ് കണക്ക്. ഇന്ത്യയുടെ ലിംഗസമത്വ സ്കോർ 64.5 ശതമാനമാണ്. ഇത് ദക്ഷിണേഷ്യയുടെ ശരാശരിക്ക് തുല്യമാണെങ്കിലും ആഗോള ശരാശരിയായ 69.2 ശതമാനത്തേക്കാൾ താഴെയാണ്.
എഐ സാങ്കേതികവിദ്യയുടെ വികസനം, നയരൂപീകരണം, നേതൃത്വപരമായ ചുമതലകൾ എന്നിവയിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കിയില്ലെങ്കിൽ നിലവിലുള്ള അസമത്വങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എഐയുടെ വളർച്ചയിൽ സ്ത്രീകൾക്ക് തുല്യമായ അവസരങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളിൽ അവരുടെ പങ്കാളിത്തം അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളിൽ എഐയുടെ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ലിംഗസമത്വം ഉറപ്പാക്കുന്ന നയങ്ങളും സാങ്കേതികവിദ്യയിലേക്കുള്ള തുല്യപ്രവേശനവും അനിവാര്യമാണെന്നാണ് വിലയിരുത്തൽ.





