ന്യൂഡൽഹി: ദിവസങ്ങളായി അതീവ ഗുരുതരമായ വായുമലിനീകരണത്തിൽ ശ്വാസംമുട്ടിയ ഡൽഹിക്ക് നേരിയ ആശ്വാസം. ഞായറാഴ്ച നഗരത്തിലെ വായുഗുണനിലവാര സൂചിക (എക്യുഐ) 290 ആയി കുറഞ്ഞതോടെ വായുനില ‘വളരെ മോശം’ വിഭാഗത്തിൽനിന്ന് ‘മോശം’ വിഭാഗത്തിലെത്തി.
ദീപാവലിക്ക് പിന്നാലെ മലിനീകരണം രൂക്ഷമായതോടെ നവംബർ 11 മുതൽ ഡൽഹിയിൽ വായുഗുണനിലവാരം ‘വളരെ മോശം’ അവസ്ഥയിലായിരുന്നു. ഇക്കാലയളവിൽ മണിക്കൂർ അടിസ്ഥാനത്തിലുള്ള എക്യുഐ പലപ്പോഴും ‘ഗുരുതര’ വിഭാഗത്തോട് അടുത്തെത്തുകയും ഒരുതവണ അതിൻ്റെ പരിധി മറികടക്കുകയും ചെയ്തിരുന്നു. മലിനീകരണത്തെ തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങൾ പുകമഞ്ഞിൽ മൂടിയ സ്ഥിതിയാണുള്ളത്.
നവംബർ 10നാണ് ഇതിന് മുമ്പ് ഡൽഹിയിൽ വായുഗുണനിലവാരം ‘മോശം’ വിഭാഗത്തിൽ രേഖപ്പെടുത്തിയത്. അന്ന് എക്യുഐ 299 ആയിരുന്നു. നവംബർ ഒന്നിന് ഇത് 261 ആയിരുന്നു.
വായുമലിനീകരണത്തിൽ നേരിയ കുറവുണ്ടായെങ്കിലും ഡൽഹിയിലെ വായുനില ഇപ്പോഴും ആരോഗ്യത്തിന് ഹാനികരമായ സാഹചര്യത്തിലാണെന്നാണ് വിലയിരുത്തൽ. നഗരവാസികൾക്ക് മലിനീകരണം ഉയർത്തുന്ന ആരോഗ്യഭീഷണി തുടരുകയാണ്.





