ലണ്ടൻ: 2026ലെ എർത്ത്ഷോട്ട് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽട്ടണും അടുത്തയാഴ്ച മുംബൈയിലെത്തും. ഞായറാഴ്ച കെൻസിങ്ടൺ കൊട്ടാരമാണ് ഇരുവരുടെയും സന്ദർശനവിവരം അറിയിച്ചത്.
ചൊവ്വാഴ്ച മുംബൈയിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ വെയിൽസ് രാജകുമാരനും രാജകുമാരിയും ഒരുമിച്ച് പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണ രംഗത്തെ നൂതന ആശയങ്ങളെയും പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വില്യം രാജകുമാരൻ ആറുവർഷം മുമ്പ് ആരംഭിച്ച പുരസ്കാരമാണ് എർത്ത്ഷോട്ട് പ്രൈസ്.
ലോകത്തെ പ്രമുഖ പരിസ്ഥിതി പുരസ്കാരങ്ങളിലൊന്നായ എർത്ത്ഷോട്ട് പ്രൈസിൽ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ജേതാക്കൾക്ക് ഒരോരുത്തർക്കും 10 ലക്ഷം പൗണ്ട് (ഏകദേശം 13 ലക്ഷം ഡോളർ) വീതമാണ് സമ്മാനത്തുകയായി ലഭിക്കുക.
ഇത്തവണത്തെ പുരസ്കാരച്ചടങ്ങ് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് കെൻസിങ്ടൺ കൊട്ടാരം അറിയിച്ചു. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലായി 15,000 സ്കൂളുകളെ ഉൾപ്പെടുത്തി നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഇത്തവണത്തെ ചടങ്ങ് സംഘടിപ്പിക്കുന്നത്.
പരിസ്ഥിതി നവീകരണത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഇന്ത്യയുടെ സംഭാവനകൾക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ രാജകീയ ദമ്പതികളുടെ സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷ.





