സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍; അപ്രതീക്ഷിത നീക്കം തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞിരുന്ന പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാല് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സമയത്ത് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് സന്ധാനമായത് രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയ്ക്കാണ് ഇടയാക്കുന്നത്.
പാലക്കാട് കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഷാള്‍ അണിയിച്ച് സന്ദീപ് വാര്യറെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ കുറേ നാളുകളായി സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചപ്പോഴും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടക്കം നേതാക്കള്‍ കാര്യമായ പ്രതികരണം നടത്തിയില്ലെന്ന് സന്ദീപ് ആരോപിച്ചു. “അമ്മ മരിച്ചപ്പോള്‍ പാര്ട്ടിയിലൊരാളും ആശ്വസിപ്പിക്കാനോ വിളിക്കാനോ തയാറായില്ല,” അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യര്‍ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ,പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.