Kerala News

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമന് കൃഷി വകുപ്പ് ഡയറക്ടർ, ഡോ. അദീല അബ്ദുള്ള സാമൂഹിക നീതി വകുപ്പ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിച്ചു.

സിവിൽ സപ്ലൈസ് കോർപ്പറേഷൻ എം.ഡി.യായിരുന്ന പി.ബി. നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. കൂടാതെ, കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (KTDFC) സിഎംഡി സ്ഥാനം നൂഹ് വഹിക്കും. സപ്ലൈകോയുടെ ചുമതല ഡോ. അശ്വതി ശ്രീനിവാസിന് നൽകുകയും ചെയ്തു.

കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ളയെ സാമൂഹിക നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ഫിഷറീസ് ഡയറക്ടർ ബി. അബ്ദുൾ നാസറിനെ കായിക, യുവജനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. കൂടാതെ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ എന്നീ അധിക ചുമതലകളും അദ്ദേഹത്തിന് നൽകും.

പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി എ. ശിബുവിന് കേരള സംസ്ഥാന മൺപാത്ര നിർമ്മാണ മാർക്കറ്റിങ് ആൻഡ് വെൽഫെയർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല നൽകി. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീറിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും നൽകി.

Leave a Reply

Your email address will not be published. Required fields are marked *