ന്യൂഡൽഹി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു മോദി സര്ക്കാരിന്റെ നേട്ടങ്ങള് വിശദീകരിച്ചത്. പ്രതിപക്ഷ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിൽ മൂന്നാം മോദി സര്ക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
“പ്രധാനമന്ത്രി അവാസ് യോജനയുടെ കീഴിൽ 3 കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നൽകുകയാണ്. 70 വയസ്സിന് മുകളിലുള്ള 6 കോടി പൗരന്മാർക്ക് ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയിലൂടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു.” രാഷ്ട്രപതി പറഞ്ഞു.
“യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ഉണ്ട്. വഖഫ് ബോർഡ്, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് തുടങ്ങി സർക്കാർ പ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്,” രാഷ്ട്രപതി വ്യക്തമാക്കി.
സ്ത്രീശാക്തികരണത്തിനും കാർഷിക മേഖലയുടെയും ഉന്നമനത്തിനും സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു. സ്റ്റാർട്ടപ്പുകൾ, സ്‌പോർട്സ്, ബഹിരാകാശം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ മുന്നേറിയതായി രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഐഎസ്ആർഒയുടെ നൂറാമത്തെ വിക്ഷേപണത്തിലൂടെ ഇന്ത്യയുടെ യശസ് ഉയർന്നു. എഐ മേഖലയിലേക്കുള്ള ഇന്ത്യയുടെ പുതിയ മിഷൻ പുറപ്പെടുവിച്ചു.
“ഇന്ത്യ വരാനിരിക്കുന്ന കാലത്തും ലോകത്തിലെ മൂന്നാമത്തെ വലിയ ആഗോള സാമ്പത്തിക ശക്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നും രാഷ്ട്രപതി പറഞ്ഞു.





