കൊച്ചി: സ്റ്റാർട്ടപ്പ് മേഖലയിൽ ഇടത് സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തരൂരിന്റെ പ്രസ്താവന വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. “തരൂർ പറഞ്ഞത് കേരളത്തെക്കുറിച്ചാണ്, പാർട്ടിയെയോ സർക്കാരിനെയോ കുറിച്ചല്ല. വലിയ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ വളർച്ചയിൽ എല്ലാ കേരളീയരും അഭിമാനിക്കണം” എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ വേണ്ട നടപടിക്രമങ്ങൾ ലളിതമാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ സ്വന്തം വരുമാനം ₹90,674.97 കോടി ആയപ്പോൾ, കേന്ദ്ര നികുതികളിലെ വിഹിതം വെറും ₹33,811.18 കോടി രൂപ മാത്രമായിരുന്നു. ആകെ വരുമാനത്തിൽ സംസ്ഥാനത്തിന്റെ വിഹിതം 73% ആയപ്പോൾ, കേന്ദ്ര വിഹിതം വെറും 27% ആയി.
കേരളത്തിന്റെ വികസനം തുടർച്ചയായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി.





