Kerala News

ലേബര്‍ കോഡ് ഏകപക്ഷീയമായി നടപ്പാക്കില്ല, ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യും: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര ലേബര്‍ കോഡ് കേരളത്തില്‍ ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി ലേബര്‍ കോഡ് നടപ്പിലാക്കുന്നെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ അടിയന്തരയോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യൂണിയനുകളുടെ അഭിപ്രായം കേട്ടശേഷമേ സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കൂ. ഈ വിഷയത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധക്ഷണിക്കുന്നതിനായി തിരുവനന്തപുരത്ത് ഡിസംബര്‍ 19ന് ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖ നിയവിദഗ്ധരെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും ഇതില്‍ പങ്കെടുപ്പിക്കും. ബിജെപി ഇതരസംസ്ഥാനങ്ങളിലെ തൊഴില്‍ മന്ത്രിമാരെയും കോണ്‍ക്ലേവിലേക്ക് ക്ഷണിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് മാത്രമേ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കൂ. കേരളം ഒഴികെ മറ്റ് ഭൂരിഭാഗം സംസ്ഥാനങ്ങളെല്ലാം ലേബര്‍ കോഡ് സംബന്ധിച്ച് ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും തൊഴില്‍ വകുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും ശിവന്‍ കുട്ടി പറഞ്ഞു.

ലേബര്‍ കോഡിനെ ആദ്യമേ തന്നെ കേരളം ശക്തമായി എതിര്‍ത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണ നിയമങ്ങളാണ് റദ്ദ് ചെയ്തിരിക്കുന്നത്. അതിനോട് ഒരു കാരണവശാലും കേരള സര്‍ക്കാരിന് യോജിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല രാജ്യത്തെ മുഴുവന്‍ തൊഴിലാളികളെ ബാധിക്കുന്ന ഒരു നിയമഭേദഗതി വരുന്ന അവസരത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിക്കുക എന്നത് ജനാധിപത്യ മര്യാദയാണ് ഫെഡറല്‍ തത്വത്തിന്റെ ഭാഗമാണ് പക്ഷേ അതൊന്നും പാലിക്കാതെ നിഷേധാത്മകമായ നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റ് ഈ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *