Kerala News

രോഗികള്‍ മരിച്ചത് മെഡിക്കല്‍ കോളേജിലെ തീപിടിത്തത്തിന് ശേഷം; ആരോപണവുമായിബന്ധുക്കള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് ശേഷം രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍. ബൈക്ക് അപകടത്തെ തുടര്‍ന്ന് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിൻ്റെ ബന്ധുക്കളാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. തീപിടിത്തമുണ്ടായതിന് ശേഷമാണ് സനീഷിൻ്റെ നില ഗുരുതരമായത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയും ഗുരുതരവസ്ഥായിലേക്ക് മാറിയത് ഐസിയു മാറ്റത്തിന് ശേഷമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാര്‍ച്ച് 17നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അത്യാഹിതവിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഉടനെ രോഗികളെ മറ്റ് ഐസിയുകളിലേക്ക് സുരക്ഷിതമായി ഡോക്ടര്‍മാരും ജീവനക്കാരും മാറ്റിയിരുന്നു. ആരോപണത്തെ നിഷേധിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്തെത്തി.

തീപിടിത്തമുണ്ടായ ദിവസം 12.45നാണ് കൃഷ്ണന്‍കുട്ടി മരിച്ചത്. സനീഷ് പിറ്റേന്ന് രാവിലെയും മരിച്ചു. രോഗികളെ എല്ലാവരേയും കൃത്യമായി മറ്റ് ഐസിയുകളിലേക്ക് മാറ്റിയെന്നും തീപിടിത്തമല്ല മരണകാരണമെന്നും അധികൃതര്‍ അറിയിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചതെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *