ശ്രീനഗർ: ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമയാണ് ഇക്കാര്യം അറിയിച്ചത്.
സാധാരണക്കാരിൽ നിന്നും പാവപ്പെട്ടവരിൽ നിന്നും സർക്കാർ അകന്നുനിൽക്കുകയാണെന്നാണ് സുനിൽ ശർമ്മയുടെ ആരോപണം. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും അവ പരിഹരിക്കാൻ സർക്കാർ താൽപര്യം കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ടവരുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ബിജെപി തെരുവിലിറങ്ങുമെന്നും ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുമെന്നും സുനിൽ ശർമ വ്യക്തമാക്കി.




