തിരുവനന്തപുരം: കയ്യിൽ കാശില്ലാത്തതിൽ ആശങ്കപ്പെടാതെ ഇനി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാം! ഡെബിറ്റ് കാർഡുകളിലൂടെയും യുപിഐ ആപ്പുകളിലൂടെയും ഇനി ടിക്കറ്റ് എടുക്കാം. ചലോ ആപ്പുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലയിലെ ചില ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതിനെ സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി വിവിധ ബാങ്കുകളുടെ ആപ്പുകളിലൂടെയും യാത്രക്കാർക്ക് ടിക്കറ്റ് തുക അടയ്ക്കാം. ക്രെഡിറ്റ് കാർഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ബസുകളുടെ തത്സമയ വിവരങ്ങൾ ചലോ ആപ്പിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യം. ശബരിമല തീർഥാടനത്തിന്റെ ആദ്യഘട്ടത്തിൽ 383 ബസുകളും രണ്ടാം ഘട്ടത്തിൽ 550 ബസുകളും നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.