പാലക്കാടിൻ്റെ സമഗ്ര വികസനത്തിന് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ വിജയം അനിവാര്യമെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും കോൺഗ്രസും ഇടത് സർക്കാരും ജനങ്ങൾക്ക് നിഷേധിച്ചതുമായ പദ്ധതികൾ യാഥാർത്ഥ്യമാകണമെങ്കിൽ ബിജെപി സ്ഥാനാർത്ഥി ഇവിടെ വിജയിക്കണമെന്ന് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
2021-ൽ ഇന്ത്യയിലെ തന്നെ ഏറെ വിശ്വാസ്യതയുള്ള മെട്രോമാൻ ശ്രീ. ഇ.ശ്രീധരൻ ജി ഇവിടെ മത്സരിച്ചു. പക്ഷേ നേരിയ വ്യത്യാസത്തിൽ അന്ന് നമുക്ക് ഒരവസരം നഷ്ടമായി. ആ തെറ്റ് പരിഹരിക്കുന്നതിനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഇതിനെ വെറുമൊരു ഉപതെരഞ്ഞെടുപ്പായി മാത്രം കരുതാനാവില്ല. മറിച്ച് 2021 ലെ തെറ്റ് തിരുത്തുന്നതിനാണ് ഈയവസരം വിനിയോഗിക്കേണ്ടത്. മുൻപ് ഇവിടെ നിന്ന് ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎ പാലക്കാട്ടുകാർക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് വിലയിരുത്തി വേണം ഈ തെരഞ്ഞെടുപ്പിനെ നാം സമീപിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എൻ ഡി എ – ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
നേരത്തെ ഉണ്ടായിരുന്ന എംഎൽഎക്ക് തന്നെ തെരഞ്ഞെടുത്ത നാട്ടുകാരോട് തെല്ലെങ്കിലും പ്രതിബന്ധതയുണ്ടായിരുന്നുവെങ്കിൽ പാലക്കാട് ഒട്ടേറെ വികസനം ഇതിനോടകമുണ്ടാകുമായിരുന്നു. അതേ സമയം നരേന്ദ്ര മോദി സർക്കാർ പാലക്കാടിന് വേണ്ടി വ്യാവസായിക ഇടനാഴിയും പ്രതിരോധ വകുപ്പിൻ്റെ സ്ഥാപനങ്ങളും സ്മാർട്ട് സിറ്റിയും അമൃത് പദ്ധതിയുമടക്കം 15000 കോടിയിലേറെ രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ പ്രധാനപ്പെട്ട ആയുഷ്മാൻ അടക്കമുള്ള പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ സംസ്ഥാനം അനുവദിക്കുന്നില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് .
രണ്ടാഴ്ച്ച മുൻപ് 70 വയസ് കഴിഞ്ഞവർക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ആയുഷ്മാൻ പദ്ധതിയടക്കം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പോലും സംസ്ഥാനം കൈക്കൊണ്ടിട്ടില്ല. നേരത്തെ രാജ്യത്ത് നടപ്പാക്കിയ ആയുഷ്മാൻ പദ്ധതിയോടും സംസ്ഥാനം മന:പ്പൂർവ്വമായ വിമുഖതയാണ് കാട്ടിയത്. ഇത്തരത്തിലുള്ള നിരവധി പദ്ധതികൾ പാലക്കാട് യാഥാർത്ഥ്യമാകുന്നതിന് ശ്രീ. കൃഷ്ണ കുമാറിൻ്റെ വിജയം അനിവാര്യമാണ്. ബിജെപിയുടെ ഒരു എംഎൽഎ നമുക്കില്ലെങ്കിൽ നെൽകൃഷിക്ക് നരേന്ദ്ര മോദി സർക്കാർ ഉറപ്പ് വരുത്തിയിട്ടും സംസ്ഥാനം നടപ്പാക്കാത്ത മിനിമം താങ്ങ് വിലയടക്കം ലഭ്യമാക്കുന്നതിന് വിഘാതമുണ്ടാകും. നഗരസഭകൾക്കായി അമൃത് പദ്ധതി വഴി സംസ്ഥാനത്തിന് ലഭിക്കുന്ന തുകയും സംസ്ഥാനം റിലീസ് ചെയ്യുന്നില്ല. ഈ അവഗണന അവസാനിപ്പിച്ചേ മതിയാകു. അതു കൊണ്ടാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനായ സി. കൃഷ്ണ കുമാറിൻ്റെ വിജയമുണ്ടാകേണ്ടത്.
മറ്റൊരു സ്ഥാനാർത്ഥിക്കും പാലക്കാടിന് വേണ്ടി വികസന പദ്ധതികൾ കൊണ്ട് വരാൻ കഴിയില്ല.